യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍--ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
2
യിരെമ്യാപ്രവാചകന്‍ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാല്‍
3
ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതല്‍ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങള്‍ കേട്ടില്ല.
4
യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല; കേള്‍ക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
5
നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിന്‍ ; എന്നാല്‍ യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ എന്നും എന്നേക്കും പാര്‍ക്കും.
6
അന്യ ദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു അനര്‍ത്ഥം വരുത്തുകയില്ല എന്നു അവര്‍ പറഞ്ഞു.
7
എങ്കിലും നിങ്ങള്‍ നിങ്ങളുടെ അനര്‍ത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം എന്റെ വാക്കു കേള്‍ക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
8
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ വചനങ്ങളെ കേള്‍ക്കായ്കകൊണ്ടു
9
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.